ഐപിഎല്ലിന്റെ ചരിത്രത്തില്‍ കിരീടവേട്ടയുടെ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വെല്ലാന്‍ മറ്റൊരു ടീമുമില്ല. രോഹിത് ശര്‍മ ക്യാപ്റ്റനായി എത്തുന്നതു വരെ ഒരു കിരീടം പോലുമില്ലാതെ വലഞ്ഞ ഫ്രാഞ്ചൈസിയായിരുന്നു അവര്‍. എന്നാല്‍ ഹിറ്റ്മാന് കീഴില്‍ ട്രോഫികള്‍ വാരിക്കൂട്ടുന്നത് മുംബൈ ശീലമാക്കി മാറ്റി. ഇതിനകം അഞ്ചു കിരീടങ്ങളാണ് മുംബൈ തങ്ങളുടെ ഷെല്ഫിലെത്തിച്ചത്.
പക്ഷെ മുംബൈയെ സംബന്ധിച്ച് തീര്ത്തും നിരാശാജനകമായ സീസണായിരുന്നു ഈ വര്‍ഷത്തേത്. ടൂര്ണമെന്റിന്റെ ചരിത്രത്തിലാദ്യമായി പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേട് അവര്ക്കു പേറേണ്ടിവന്നു. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ മുംബൈയ്ക്കു ശക്തമായ തിരിച്ചുവരവ് നടത്തിയേ തീരൂ. കഴിഞ്ഞ തവണ ഒരു മല്സരത്തില്പ്പോലും കളിക്കാതിരുന്ന ചില താരങ്ങളെ മുംബൈ വരാനിരിക്കുന്ന സീസണില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ആരൊക്കെയാണ് ഈ താരങ്ങളെന്നു പരിശോധിക്കാം.
മുഹമ്മദ് അര്ഷദ് ഖാന്
കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കാര്‍ അവസരം ലഭിക്കാതിരുന്ന യുവതാരമാണ് മുഹമ്മദ് അര്ഷദ് ഖാന്‍. തന്റെ കഴിവ് പ്രദര്‍ശിപ്പക്കാന്‍ സാധിക്കാതിരുന്നിട്ടും മുംബൈയ്ക്കുള്ള വിശ്വാസമാണ് 24 കാരനായ താരത്തെ ടീമില്‍ തുടരാന്‍ സഹായിച്ചത്. ഇടംകൈയന്‍ ബാറ്ററും ഇടംകൈടന്‍ മീഡിയം പേസറുമായ അര്ഷദ് ടീമിനു അടുത്ത സീസണില്‍ മുതല്‍ക്കൂട്ടാവുമെന്ന കണക്കുകൂട്ടലിലാണ് മുംബൈ.
അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍
ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ക്രിക്കറ്ററാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഓള്റൗണ്ടറുമായ അര്ജുനെ മികച്ച ഭാവി വാഗ്ദാനമായിട്ടാണ് മുംബൈ കാണുന്നത്. മുംബൈയ്ക്കൊപ്പം താരത്തിന്റെ തുടര്ച്ചയായ രണ്ടാമത്തെ സീസണ്‍ കൂടിയായിരുന്നു കഴിഞ്ഞ തവണത്തേത്. 2021ലും മുംബൈ കൂടാരത്തിലുണ്ടായിരുന്ന അര്ജുന് പക്ഷെ അരങ്ങേറാന്‍ അവസരം കിട്ടിയില്ല. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറും ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ ഗോവയ്ക്കു വേണ്ടിയാണ് കളിക്കുന്നത്.
ആകാഷ് മധ്വാള്
ആകാഷ് മധ്വാള്‍ അണ്‍ക്യാപ്പ്ഡ് ഇന്ത്യന്‍ താരം ആകാഷ് മധ്വാളിനെയും കഴിഞ്ഞ സീസണില്‍ കളിക്കാതിരുന്നിട്ടും മുംബൈ ഇന്ത്യന്സ് നിലനിര്ത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിന്റെ അന്തിമ ഘട്ടത്തിലാണ് പകരക്കാരനായി ആകാഷ് മുംബൈ ടീമിലെത്തിയത്. മീഡിയം പേസറും വലംകൈയന്‍ ബാറ്ററുമാണ് 28 കാരനായ താരം.
ജോഫ്ര ആര്ച്ചര്
ഇംഗ്ലണ്ടിന്റെ സ്പീഡ് സ്റ്റാര്‍ ജോഫ്ര ആര്‍ച്ചര്‍ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നെങ്കിലും കളിക്കാന്‍ ഇറങ്ങിയിരുന്നില്ല. ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാലായിരുന്നു അദ്ദേഹത്തിനു ടൂര്ണമെന്റ് നഷ്ടമായത്. സീസണിനു മുമ്പ് നടന്ന മെഗാ ലേലത്തിലായിരുന്നു മോഹ വിലയെറിഞ്ഞ് ആര്ച്ചറെ മുംബൈ വാങ്ങിയത്. സീസണില്‍ അദ്ദേഹം കളിക്കില്ലെന്നും 2023ല്‍ മാത്രമേ ടീമിനൊപ്പം ചേരുകയുള്ളൂവെന്നും അന്നു തന്നെ ഉറപ്പായിരുന്നു. എന്നിട്ടും ആര്‍ച്ചറെ ടീമിലെത്തിക്കാന്‍ മുംബൈ ധൈര്യം കാണിച്ചു. 2020ല്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് പേസര്‍ അവസാനമായി ഐപിഎല്ലില്‍ കളിച്ചത്.
0 Comments: